കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തലസ്ഥാനത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടുമെത്തുന്നു. ഇന്ത്യന്‍ വനിതാ ടീമും ശ്രീലങ്കന്‍ വനിതാ ടീമും തമ്മിലുള്ള 3 അന്താരാഷ്ട്ര മത്സരങ്ങളാകും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. 2025 ഡിസംബര്‍ 26,28,30 തീയതികളിലായാണ് മത്സരം നടക്കുക. ശ്രീലങ്കന്‍ വനിതാ ടീമിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മറ്റ് 2 മത്സരങ്ങള്‍ വിശാഖപട്ടണത്ത് നടക്കും.
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് 2026ന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മത്സരം നടക്കുക. ഏകദിന ഫോര്‍മാറ്റില്‍ അടുത്തിടെ ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ തിരുവനന്തപുരത്ത് മത്സരങ്ങളിലും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വനിതാ ടീമിന്റെ മത്സരങ്ങള്‍ക്ക് ശേഷം പുരുഷ ടീമിന്റെ ന്യൂസിലന്‍ഡിനെതിരെ നടക്കാനുള്ള ടി20 പരമ്പരയിലെ ഒരു മത്സരവും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.