എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സീരിയല്‍ നടി ശ്രീലക്ഷ്മിയും ജോസ് ഷാജിയും വിവാഹിതരായി. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതളായി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ഏഴ് മാസങ്ങൾക്ക് മുമ്പ് ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. സ്കൂൾ കാലം മുതൽ ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാണ്. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പുകളുണ്ടായിരുന്നു. ഈ എതിർപ്പുകളെല്ലാം മാറി വീട്ടുകാർ സമ്മതിക്കുന്നതിന് വേണ്ടി ആയിരുന്നു ഇരുവരും ഇത്രയും നാൾ കാത്തിരുന്നത്.
ലക്ചററാണ് വരൻ ജോസ്. പേസ്റ്റൽ പിങ്ക് ഷെയ്ഡിലുള്ള ബ്രൈഡൽ സാരിയായിരുന്നു ശ്രീലക്ഷ്മി ധരിച്ചിരുന്നത്. ഹിന്ദു ബ്രൈഡൽ ലുക്കിൽ ശ്രീലക്ഷ്മി എത്തിയപ്പോൾ അതിനിണങ്ങുന്ന തരത്തിൽ ഗോൾഡൺ നിറത്തിലുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു വരന്റെ വേഷം. മതാചാരപ്രകാരമുള്ള ചടങ്ങുകൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാൽ എല്ലാവരുടെയും അനുഗ്രഹത്തോടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി മഞ്ഞ ചരടിൽ കോർത്ത താലി ശ്രീലക്ഷ്മിക്ക് ജോസ് ചാർത്തിയതോടെ ചടങ്ങ് അവസാനിച്ചു.