Manju Warrier: എല്ലാം അവസാനിച്ചു എന്ന് കരുതി: പക്ഷെ പിന്നീട് സംഭവിച്ചത്, അവിശ്വസനീയമായ തിരിച്ചുവരവ്
എമ്പുരാനിൽ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജുവാണ്.
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ദിലീപുമായി വിവാഹം. ശേഷം സിനിമ വിട്ടു. വർഷങ്ങൾ കഴിഞ്ഞ് ഡിവോഴ്‌സിന് ശേഷം മഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. ഇന്ന് മലയാളം കൂടാതെ തമിഴിലും തിരക്കേറിയ നടിയാണ് മഞ്ജു. തിയേറ്ററിൽ ഇപ്പോൾ ഓടുന്ന എമ്പുരാനിൽ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജുവാണ്.
ശക്തയായ സ്ത്രീ കഥാപാത്രം ചെയ്യുന്നതിൽ മഞ്ജുവിന് പ്രത്യേകം കഴിവുണ്ട് ഈ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സനൽകുമാർ പത്മനാഭൻ എന്നയാൾ മൂവി സ്ട്രീറ്റ് മലയാളം എന്ന സിനിമ ആസ്വാദകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു മോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന സിനിമയിൽ വിജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി തന്റെ പേരിനെയും അടയാളപ്പെടുത്തുന്ന മഞ്ജുവാര്യറെ കാണുമ്പോൾ ഒരുപാട് സന്തോഷമെന്നാണ് അദ്ദേഹം കുറിക്കുന്നത്.
സനൽകുമാർ പത്മനാഭന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
"ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന വെറുമൊരു പെണ്ണാണ് നീ "(മഹായാനം ).
'നീ ഒരു പെണ്ണായി പോയി വെറും പെണ്ണ്' (ദി കിംഗ് ).
ഇങ്ങനെ നായക കഥാപാത്രങ്ങൾക്ക് വാചക കസർത്ത് നടത്തി തീയറ്ററിൽ കയ്യടി നേടുവനായി മാത്രം എതിർ വശത്ത് നിൽകുവാനായി അതീവ ദുർബല സ്ത്രീ വേഷങ്ങൾ തിരക്കഥയിൽ മനഃപൂർവം തുന്നി ചേർത്തിരുന്ന ഒരു കാലത്ത്...
ആളുകളെ ചിരിപ്പിക്കണം എന്നതിനു വേണ്ടി മാത്രം ഓഫിസർ വേഷത്തിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടു 'പാന്റിന്റെ സിബ് ' ഇടുവാൻ മറന്നു പോകുന്ന സീനുകൾ തിരുകി കയറ്റിയിരുന്ന കാലത്ത് (പ്രജ ), സുരേഷ് ഗോപി, ബിജു മേനോൻ, മുരളി, എൻ എഫ് വർഗീസ് തുടങ്ങിയ ആണവതാരങ്ങളുടെ പൂർണതയുള്ളവർ ഇടിവെട്ടു ഡയലോഗുകളുമായി നിരന്നു നിന്നു കയ്യടി വാങ്ങി കൊണ്ടിരുന്ന സിനിമയിൽ... ജോസഫ് വാഴകാലി എന്ന കാക്കിയിട്ട അതികായനെ നടുറോഡിൽ തടഞ്ഞു നിർത്തി വാക്കുകൾ കൊണ്ടു അനങ്ങാനാകാത്ത വിധം തളച്ചിട്ട, തീപ്പൊരി പോലൊരു പെണ്ണിനെ തിരശീലയിൽ കാണിച്ചു തന്നു കൊണ്ടു കാണികളുടെ പക്കൽ നിന്നും "നായകന്മാർക്ക് മാത്രം സ്വന്തമായിരുന്ന കയ്യടികൾ" ചോദിച്ചു വാങ്ങിയൊരാളുണ്ട് (പത്രം ).
തന്റെ അനിയത്തിയുടെ പിറകെ നടന്നു ഒരുത്തൻ ശല്യപെടുത്തുന്നത് കണ്ടു ഒറ്റ ചവിട്ടിനു അവനോടൊപ്പം അവന്റെ സൈകിളിനെയും മറിച്ചിട്ട ശേഷം വാക്കത്തി എടുത്ത് വീശി കൊണ്ടു "പഠിക്കാൻ പോകുന്ന പെൺകുട്ടികളുടെ നേരെ വേഷം കെട്ടു കാണിക്കാൻ ഇറങ്ങിയാൽ വെട്ടി നുറുക്കി കളയും നിന്നെ, കേട്ടോടാ പന്ന " എന്നൊരു ഡയലോഗോടെ കാണികളുടെ വിസിലടിയും വാരി കൊണ്ടു പോയൊരാൾ (കന്മദം)
തന്നെ ആക്രമിക്കുവാനായി പിന്തുടരുന്നവരുടെ മുന്നിലേക്ക് ചിരിച്ചു കൊണ്ടു ഇറങ്ങി നിന്നിട്ടു, അപ്രതീക്ഷിതമായി പിസ്റ്റൽ എടുത്ത് എതിരാളികളിലൊരുവന്റെ കൈവിരൽ ചിതറിച്ചു കൊണ്ടു പ്രേക്ഷകരിൽ നിന്നും വീണ്ടും ആർപ്പ് വിളികൾ നേടിയെടുത്തോരാൾ (തുനിവ് )...
മലയാളം കണ്ട ഏറ്റവും വലിയ താരം നായകനായ പുതിയ സിനിമയിലും പ്രിയദർശിനി രാംദാസ് എന്ന വേഷത്തെ അത്യുജ്വലം ആക്കികൊണ്ട് ഒരിക്കൽ കൂടി അവർ കാഴ്ചകാരുടെ കയ്യടികൾ ഏറ്റു വാങ്ങുകയാണ്.
കൂടെ നിൽക്കുന്നവർക്ക് വേണ്ടിയും, സ്നേഹിക്കുന്നവർക്കും വേണ്ടിയും വിട്ടു വീഴ്ചകളേറെ ചെയ്തു ഒടുവിൽ ആർക്കും വേണ്ടാതെ, എവിടെയും എത്താതെ, പുറംതള്ള പെട്ടു പോയി, ഭാവിയെകുറിച്ച് പ്രതീക്ഷകളേതുമില്ലാതെ ഭൂ തകാലത്തിന്റെ നിറമുള്ള ഓർമകളെ തഴുകി കാലം കഴിക്കുന്ന ഒരുപാട് പേരേ അടുത്തറിഞ്ഞിട്ടുള്ളത് കൊണ്ടാകാം. എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു മോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന സിനിമയിൽ വിജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി തന്റെ പേരിനെയും അടയാളപ്പെടുത്തുന്ന അവരെ കാണുമ്പോൾ ഒരുപാട് സന്തോഷം.