രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്
രാഹുലിനെതിരെ ഷാഫി പറമ്പിലിനോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഷാഫിയുടെ പ്രതികരണം പരിഹാസമായി തോന്നി
MA Shahanas and Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി സംസ്‌കാര സഹിതി ജനറല്‍ സെക്രട്ടറി എം.എ.ഷഹനാസ്. മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്കു വരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഷഹനാസ് പറഞ്ഞു.
രാഹുലിനെതിരെ ഷാഫി പറമ്പിലിനോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഷാഫിയുടെ പ്രതികരണം പരിഹാസമായി തോന്നി. താന്‍ പറഞ്ഞത് കള്ളമാണെന്നു ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് പറഞ്ഞു.
' രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഞാന്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാന്‍ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി. രാഹുല്‍ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകള്‍ക്കും രാഹുല്‍ മോശം മെസേജ് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായതുകൊണ്ടാണ് മിണ്ടാതിരുന്നത്,' ഷഹനാസ് പറഞ്ഞു.