രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
രാഹുലിനെതിരെ ഷാഫി പറമ്പിലിനോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഷാഫിയുടെ പ്രതികരണം പരിഹാസമായി തോന്നി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും ഷാഫി പറമ്പില്‍ എംപിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. കെപിസിസി സാംസ്‌കാരിക സാഹിതി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എം.എ.ഷഹനാസിനെയാണ് പുറത്താക്കിയത്. സംഘടനയിലെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഷഹനാസ്.
രാഹുലില്‍ നിന്ന് മഹിള കോണ്‍ഗ്രസിലെ അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കു വരെ മോശം അനുഭവം ഉണ്ടെന്നും ഇതേകുറിച്ച് ഷാഫിയോടു പറഞ്ഞപ്പോള്‍ പരിഹാസമായിരുന്നു മറുപടിയെന്നുമാണ് ഷഹനാസ് വെളിപ്പെടുത്തിയത്.
രാഹുലിനെതിരെ ഷാഫി പറമ്പിലിനോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഷാഫിയുടെ പ്രതികരണം പരിഹാസമായി തോന്നി. താന്‍ പറഞ്ഞത് കള്ളമാണെന്നു ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് പറഞ്ഞു. 'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഞാന്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാന്‍ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി. രാഹുല്‍ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകള്‍ക്കും രാഹുല്‍ മോശം മെസേജ് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായതുകൊണ്ടാണ് മിണ്ടാതിരുന്നത്,' ഷഹനാസ് പറഞ്ഞു.