തടിച്ച നിതംബമുള്ളവര്‍ സന്തോഷിക്കുക, നിങ്ങളാണ് ‘ലക്കി’!

നിതംബത്തിന്റെ കനം കൂടും തോറും നിങ്ങള്‍ ‘ലക്കി’യാകുന്നു!

വ്യാഴം, 15 മാര്‍ച്ച് 2018 (12:33 IST)
തടിച്ച നിതംബം കാരണം ആഹ്ലാദിക്കുന്നവരും വിഷാദിക്കുന്നവരുമായ സ്ത്രീകള്‍ കാണും. ഇതില്‍ കൂടുതല്‍ ആളുകളും തങ്ങളുടെ നിതംബം തടിച്ചിട്ടാണെന്ന കാരണത്താല്‍ വിഷമിക്കുന്നവരാണ്. എന്നാല്‍ ഇനിമുതല്‍ തടിച്ച നിതംബത്തെ ആരും ഒരു ഭാരമായി കാണേണ്ട എന്നാണ് ഗവേഷകര്‍ പറയുന്നത്.
 
കുടവയറുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരിച്ച നിതംബമുള്ളവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കുമത്രേ. നിതംബത്തിന്റെ കനം കൂടുന്തോറും ആരോഗ്യപരമായി നിങ്ങള്‍ മുന്നിലെത്തുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
 
തടിച്ച നിതംബവും തുടകളുമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറവും നല്ല കൊളസ്ട്രോളിന്റെ നില ആവശ്യമുള്ള അനുപാതത്തിലും ആയിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത് രക്തക്കുഴലുകള്‍ കട്ടിയാവുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഇതിനൊക്കെ പുറമെ, പ്രമേഹമെന്ന ഭീഷണിയും ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.
 
അരക്കെട്ടിലും വയറിലും അടിയുന്ന കൊഴുപ്പുകളുടെയും അരക്കെട്ടിന് താഴെ അടിയുന്ന കൊഴുപ്പുകളുടെയും പ്രവര്‍ത്തനം വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതായത് നല്ല കൊളസ്ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന് പറയുന്നതു പോലെ നല്ല കൊഴുപ്പും ചീത്തക്കൊഴുപ്പും ഉണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
 
ഇത്തരത്തില്‍, വയറിലും അരക്കെട്ടിലും നിതംബത്തിലും അടിയുന്ന കൊഴുപ്പിന്റെ നിരക്ക് കണക്കിലെടുത്ത് ഹൃദ്രോഗ പ്രവചനവും ചികിത്സയും നടത്താനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അതേപോലെ, ശരീരത്തില്‍ കൊഴുപ്പ് അടിയുന്ന രീതിയെ നിയന്ത്രിക്കുന്ന മരുന്നുകളും ഭാവിയില്‍ ആരോഗ്യ രംഗത്തെ അടക്കി ഭരിച്ചേക്കാം.
 
എന്തായാലും, നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെങ്കിലോ കുടവയര്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ അരക്കെട്ടിന്റെ വണ്ണം വര്‍ദ്ധിക്കുന്നെങ്കിലോ ഉടന്‍ തന്നെ സ്ഥിരവ്യായാമവും ആയാസമുള്ള ജോലികളും ശീലമാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തലപൊട്ടി ചോര ഒലിക്കുന്ന ഒരു വ്യക്തിയ്ക്ക് എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് നല്‍കേണ്ടത്?